പേജുകള്‍

Monday, February 11, 2013

മിഠായി !

ഏതോ ഒരു യാത്രയില് എത്തപ്പെട്ടതായിരുന്നൂ, ഞാന് ആ ചെറു നഗരത്തില്.
മലമുകളിലെ മനുഷ്യര്. പല ഭാഷകള് സംസാരിക്കുന്നവര്. പല ദേശക്കാര്. പല ഗോത്രവര്ഗ്ഗത്തില് പെട്ടവര്.
അടുത്ത ബസിനായുള്ള നീണ്ട കാത്തിരിപ്പിന്റെ വിരസത ഒഴിവാക്കാന്, സ്റ്റാന്ഡിലെ ഏക പെട്ടിക്കടയില് നിന്നും ഒരു സോഡാനാരങ്ങാവെള്ളം ഓര്ഡര് ചെയ്തു. ഏതാനും ചില മിഠായി ഭരണികളും വട്ടമിട്ട് പറക്കുന്ന ഒരു പറ്റം ഈച്ചകളുമാണ് ആതിഥേയന് കൂട്ടായി പിന്നവിടെ ഉണ്ടായിരുന്നത്.
നീല ബെയ്സണിലെ കലക്ക വെള്ളത്തില് മുക്കിയെടുത്ത ഗ്ലാസ്സില് പകര്ന്ന് തന്ന നാരങ്ങാജ്യൂസ് നുകരവേ, എന്റെ കണ്ണുകള് അവനിലേക്ക് തെന്നി വീണു.
ഒരച്ഛന്റെ ഒക്കത്തിരുന്ന്, എത്തി വലിഞ്ഞ് ഒരു മിഠായി ഭരണിക്ക് നേരെ കൈ ചൂണ്ടുന്ന ഒരു കുഞ്ഞു കറുമ്പന്. പല വര്ണ്ണങ്ങളിലുള്ള കോല് മിഠായികള് അതിനുള്ളിലിരുന്ന് അവനെ നോക്കി ചിരിച്ചു കാണിച്ചു.
"ഈ മിഠായിക്ക് എത്രയാണ്..?"
അയാള് കടക്കാരനോട് ചോദിച്ചു.
"ഒരു രൂപ."
"ഒരെണ്ണം തരൂ..."
"ഒരു രൂപ ചില്ലറ ഉണ്ടേല് തരൂ; ഇവിടില്ല."
അയാള് നല്കിയ പത്തു രൂപ നോട്ട് തിരികെ നല്കിക്കൊണ്ട്, കര്ക്കശക്കാരനായ കടക്കാരന് മിഠായി പാത്രത്തിന് നേരെ നീണ്ട തന്റെ കൈ പിന്‍വലിച്ചു.
ഷര്ട്ടിന്റെ പോക്കറ്റില് കൈ വെച്ച് നോക്കിയ ശേഷം, അല്പമകലെ നിന്ന മെലിഞ്ഞുണങ്ങിയ ഒരു കറുത്ത സ്ത്രീയുടെനേരെ നോക്കി അയാള് ചോദിച്ചു.
"ഒരു രൂപ ചില്ലറ ഉണ്ടോ ?"
ഇല്ല എന്നവര് നിര്‍വികാരതയോടെ തലയാട്ടി.
അവരോട് ചേര്ന്ന് നിന്നിരുന്ന ചെറിയ പെണ്കുട്ടിയുടെ കഴുത്തില് കിടന്ന മാലയിലെ മുത്തുകള്ക്ക് നിറം മങ്ങിയിരുന്നു.
കൈവശം ചില്ലറ ഇല്ലായിരുന്നതിനാലും അവര് ആകെ രണ്ട് കുട്ടികള് ഉള്ളതിനാലും അയാള് ഏതാനും മിഠായി കൂടി വാങ്ങുമെന്ന് ഞാന് കരുതി.
പക്ഷെ...
അയാള് തിരിഞ്ഞ് നടന്നു.
കുഞ്ഞുമുഖം ഇരുണ്ടു.
ഒരു മിഠായിക്ക് പകരം ഒരെണ്ണം പോലും കൂടുതല് വാങ്ങാനാവാതെ, അതിനുള്ള പണമില്ലാതെ നിസ്സഹായനായ ഒരു പിതാവിനെ ഞാന് കണ്ടു.
ഞാനെന്റെ അച്ഛനെ ഓര്ത്തു.
ഒക്കത്തിരുന്ന്, അച്ഛന്റെ പോക്കറ്റില് നിന്നും പണമെടുത്ത് കൊടുത്തു എത്രയോ മിഠായികള് ഞാന് വാങ്ങി തിന്നിരിക്കുന്നു.
നാരങ്ങാവെള്ളം കുടിച്ച ഗ്ലാസ് താഴെ വെച്ച്, ഭരണി തുറന്നു രണ്ട് മിഠായി എടുത്തു ഞാന് അവര്ക്ക് നേരെ നടന്നു.

No comments: