പേജുകള്‍

Friday, February 1, 2013

മര്യാദ

പുറപ്പെടാന്‍ വേണ്ടി സമയം കാത്തുനില്‍ക്കുന്ന ബസ്സില്‍ കയറാനെത്തിയ യാത്രക്കാരി കണ്ടക്ടറോട്, "ഈ ബസ്സ്‌ ഇപ്പോള്‍ പുറപ്പെടുമോ?" "പോകാനല്ലേ സ്റ്റാര്‍ട്ടാക്കീത്‌... പിന്നെ എന്തൂട്ട്നാ...?" എന്ന് കണ്ടക്ടറുടെ മറുപടി. മറ്റേത് നാട്ടിലായാലും മറുപടിയങ്ങനെയാകില്ല, പകരം ഈ അര്‍ത്ഥത്തിലായിരിക്കും, "കയറിക്കോളൂ... ഉടനെ പുറപ്പെടും."
 മലയാളികളുടെ മര്യാദക്കേടുകള്‍ക്കിരയാകാത്തവര്‍ ആരും മലയാളക്കരയില്‍ ഉണ്ടാകില്ല. മലയാളത്തില്‍ പലരും മര്യാദകള്‍ പഠിക്കുന്നത് മറുനാട്ടില്‍ എത്തുമ്പോഴാണ്. വിദേശത്ത്‌പോയി വന്നവരുടെ പെരുമാറ്റത്തിലുള്ള മാറ്റം ശ്രദ്ധിച്ചാല്‍ ഇതുമനസ്സിലാകും. മലയാളികള്‍ മര്യാദ പഠിക്കണമെങ്കില്‍ ചുരുങ്ങിയ പക്ഷം ഒരുമറുനാടന്‍ ടച്ച് വേണം എന്ന് ചുരുക്കം. അല്ലാത്തപക്ഷം ജന്മസിദ്ധമായ ഒരു മഹാമനസ്ക്കത ഉണ്ടാകണം.
 മലയാളികള്‍ക്ക് പ്രഭാതവന്ദനമോ പ്രദോഷവന്ദനമോ ഇല്ല. നമസ്ക്കാരം പറയുന്നവര്‍ കുറച്ചുപേരെങ്കിലും ഉണ്ട്. കൂടുതല്‍ പേര്‍ക്കും ഗുഡ്‌മോണിംഗ്, ഗുഡ്‌ആഫ്റ്റര്‍നൂണ്‍ തുടങ്ങീ ഇംഗ്ലീഷ്‌ പദങ്ങളെ അറിയൂ. നന്ദിയും ഖേദവുമൊക്കെ മലയാളികള്‍ക്കുണ്ടെങ്കിലും അധികംപേരും അത് മുഖത്ത്‌ പ്രകടിപ്പിക്കുകയേയുള്ളൂ. ചിലര്‍ താങ്ക്സിലും സോറിയിലും ഒതുക്കും. നന്ദി എന്ന വാക്കിന് ഒരു മോശം വാക്കിന്‍റെ ധ്വനിയുള്ളതുകൊണ്ടോ എന്തോ മിക്കവരും അതുപറയാറില്ല. ഒരു വിവാഹത്തില്‍ പങ്കെടുക്കുവാന്‍ പോയാല്‍ വധൂവരന്മാരെ നേരില്‍ക്കണ്ട് ആശീര്‍വ്വദിക്കുന്ന പതിവ് പലര്‍ക്കും ഇല്ല. വിഭവസമൃദ്ധമായ സദ്യയുണ്ട് പോരുമ്പോള്‍ വീട്ടുടമസ്ഥന് ഒരു നന്ദിപോലും പറയാന്‍ മടിക്കുന്നവരാണ് പലരും. എന്നാല്‍ നന്ദിപ്രകടനം, കൃതജ്ഞതാ പ്രകാശനം, ആശംസാ പ്രസംഗം എന്നീ ഔപചാരിക ചടങ്ങുകള്‍ വേണ്ടുവോളം ഉണ്ട്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ വേറെയും ഉണ്ട്.
 ഒരു അതിഥി വീട്ടില്‍വന്നാല്‍ പരിചയമില്ലാത്ത ആളാണെങ്കില്‍ ചിലര്‍ വാതില്‍ തുറക്കാറില്ല. ചിലര്‍ തുറന്നുകിടക്കുന്ന വാതില്‍ നിര്‍ദ്ദാക്ഷിണ്യം അടയ്ക്കും. മറുനാട്ടുക്കാര്‍ സ്നേഹാന്യേഷണം നടത്തുന്ന വാക്കുകള്‍ക്ക് സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ധ്വനിയുണ്ട്. മലയാളികളുടെ "എന്താ വിശേഷം?' എന്ന വാക്കുകള്‍ക്ക് അത്രതന്നെ ആര്‍ദ്രത ഇല്ല. മറുപടിയായി "ആ... ഇങ്ങനെ പോകുന്നു" എന്ന് ഒഴുക്കന്‍മട്ടില്‍ ചിലര്‍ പറയുമ്പോള്‍ "സുഖമാണ്" എന്ന് സുഖമായി പറയുന്നവരും ഉണ്ട്. കൂടെയുള്ള സുഹൃത്തിനെ പരിചയപ്പെടുത്താതെ ഒരാള്‍ മറ്റൊരാളോട് സംസാരിക്കുന്നത് ശരിയല്ല. രണ്ടുപേരില്‍ നിന്ന് ഒരാളെ മാത്രം വിളിച്ച് സ്വകാര്യം പറയുന്നത് മോശവുമാണ്. ആളെ വിളിക്കാന്‍ ചൂളമടിക്കുന്നവരും തോണ്ടുന്നവരുമുണ്ട്. രണ്ടും ശരിയല്ല.
 ടെലിഫോണ്‍ മര്യാദകള്‍ തീരെ ഇല്ലാത്ത നാടാണ് കേരളം. ഫോണ്‍ എടുക്കുന്നയാല്‍ ആദ്യം സ്വന്തം ഐഡന്‍റ്റ്റി  വ്യക്തമാക്കണം. തുടര്‍ന്ന് വിളിച്ചയാളും. ഉയര്‍ന്നനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന ചിലസ്ഥാപനങ്ങളും ചുരുക്കം ചില വ്യക്തികളും മാത്രമേ ഇതുപാലിക്കുന്നുള്ളൂ. ഇങ്ങനെയാണെങ്കില്‍ ആരാ എന്താ എന്നൊക്കെയുള്ള ആവശ്യമില്ലാത്ത സംഭാഷണങ്ങളും ചെറുകശപിശകളും സമയനഷ്ടവും ഒഴിവാക്കാം. മിസ്സ്‌കോള്‍ കണ്ടാല്‍ പോലും തിരിച്ചുവിളിക്കാത്തവരുണ്ട്. പറ്റാത്തവര്‍ വിളിക്കുമ്പോള്‍ കോള്‍ കട്ട്ചെയ്യുന്നവരുമുണ്ട്.
 സര്‍ക്കാര്‍ ഓഫീസുകളില്‍ ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും ഉണ്ട്. എന്നാല്‍ പലരും അതുപാലിക്കാറില്ല. ഒരിക്കല്‍ ഒരു സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി. "സര്‍ട്ടിഫിക്കറ്റ്‌ എപ്പോഴാണ് കിട്ടുക" എന്ന ചോദ്യത്തിന് "മുഹൂര്‍ത്തം ഒന്നും പറയാന്‍ പറ്റില്ല" എന്ന പരുക്കന്‍മറുപടിയാണ് ഒരു തഹസില്‍ദാരില്‍ നിന്ന് കിട്ടിയത്‌.
 പ്രൈവറ്റ് ബാങ്കുക്കാര്‍ സ്നേഹോഷ്മളമായി ഇടപാടുക്കാരോട് പെരുമാറുമ്പോള്‍ സര്‍ക്കാര്‍ ബാങ്കുകളില്‍ ഇടപാടുകാര്‍ താണുകേണു നില്‍ക്കണം. സ്വന്തം എക്കൗണ്ടില്‍ നിന്ന് പൈസയെടുക്കാന്‍ എത്തിയവര്‍ പോലും വിനീതരായി നില്‍ക്കുന്നത്‌ കാണുമ്പോള്‍ സങ്കടം തോന്നും.
 ഡ്രൈവര്‍മാര്‍ക്ക് മാത്രമായി ചില പരുക്കന്‍ വാക്പ്രയോഗങ്ങള്‍ ഉള്ളത് പോലെതോന്നും. ട്രാഫിക്‌ നിയമം ലംഘിച്ചവര്‍ നേരെചൊവ്വേ വരുന്നവരോട് തട്ടിക്കയറുന്നത് കാണാം. ബസ്സ്‌ യാത്രയ്ക്കിടയിലെ തിക്താനുഭവങ്ങള്‍ പറയാതിരിക്കയാണ് ഭേദം. ഒരിക്കല്‍ ഷൂസിട്ട കാലുകൊണ്ട് അടുത്ത് നില്‍ക്കുന്ന ആളെ ചവിട്ടി ഒന്നും അറിയാത്ത ഭാവത്തില്‍ നില്‍ക്കുന്നയാളോട് ചവിട്ടേറ്റയാള്‍, " എന്‍റെ കാലില്‍ ഇങ്ങനെ ചവിട്ടണോ?" ഉടന്‍ കിട്ടി മറുപടി, "ബസ്സിലാകുമ്പോള്‍ ഇങ്ങനെയൊക്കെയുണ്ടാകും... സൗകര്യത്തില്‍ പോകണമെങ്കില്‍ ടാക്സി പിടിച്ചുപോകണം." ഇങ്ങനെ വാദിയെ പ്രതിയാക്കുന്ന വീരന്മാര്‍ ധാരാളം. മുമ്പൊരിക്കല്‍ മുരണ്ടോടുന്ന ബസ്സിലെ കാതടിപ്പിക്കുന്ന പാട്ടും സഹിച്ച് ഞങ്ങള്‍ യാത്രചെയ്യുകയായിരുന്നു. അപ്പോഴാണ്‌ അടുത്തിരിക്കുന്ന യാത്രക്കാരന് ഒരു ഫോണ്‍കോള്‍ വന്നത്. ഫോണ്‍ക്കാരന്‍ കണ്ടക്ടറെ വിളിച്ച് ഉച്ചത്തില്‍, "ആ പാട്ടൊന്ന് ഓഫ് ചെയ്യടോ... ഫോണ്‍ കേള്‍ക്കുന്നില്ല." ഇതുകേട്ട ഉടന്‍ കണ്ടക്ടര്‍ ചൂടായി, "ബസ്സില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. പാട്ട് കേള്‍ക്കേണ്ടവര്‍ക്ക് കേള്‍ക്കണ്ടേ?" തുടര്‍ന്ന് വാക്ക് തര്‍ക്കമായപ്പോള്‍ ഞങ്ങളില്‍ ഒരാള്‍ ഇടപ്പെട്ടു. "ക്ഷമിക്കണം കണ്ടക്ടര്‍ ...ബസ്സില്‍ യാത്രക്കാര്‍ക്ക് മൊബൈല്‍ ഉപയോഗിക്കാം.... പാട്ട് പാടിയ്ക്കാന്‍ പാടില്ല എന്നല്ലേ നിയമം? പാട്ട് വേണമെങ്കില്‍ ശബ്ദം കുറച്ച് വെച്ചോളൂ..." കണ്ടക്ടര്‍ വിനയപ്പൂര്‍വ്വം അനുസരിച്ചു. മറ്റൊരു സംഭവവും ബസ്‌യാത്രക്കിടയില്‍ തന്നെ. നാലുരൂപ ചില്ലറയില്ലാതെ യാത്രക്കാരന്‍ നല്‍കിയ 50രൂപ വാങ്ങി കണ്ടക്ടര്‍ യാത്രക്കാരനെ ശകാരിക്കുകയാണ്, "നോട്ടുമാറാനാണോ ബസ്സില്‍ കയറിയത്... നേരം വെളിച്ചമാകുമ്പോഴേക്കും മനുഷ്യനെ മെനക്കെടുത്താന്‍." തുടര്‍ന്ന് യാത്രക്കാരന്‍റെ വക അങ്ങോട്ടും. കണ്ടക്ടര്‍ ഞങളുടെ അടുത്തെത്തിയപ്പോഴാണ് കയ്യില്‍ ചില്ലറയില്ല. നൂറുരൂപാ നോട്ടാണ് എന്ന് സുഹൃത്ത്‌ പറഞ്ഞത്‌. നൂറുരൂപാ കണ്ടക്ടര്‍ക്ക് നീട്ടി, സുഹൃത്ത് പറഞ്ഞു, "ക്ഷമിക്കണം... ദേഷ്യപ്പെടരുത്... ചില്ലറയില്ല.... ബാക്കി രൂപ പിന്നെ തന്നാല്‍ മതി." ഞങ്ങളുടെ ബസ്‌ ചാര്‍ജ്‌ 8രൂപായെടുത്ത് ബാക്കി 92രൂപ കണ്ടക്ടര്‍ ചിരിച്ചുകൊണ്ടാണ് തിരിച്ചുതന്നത്. ഇങ്ങനെ അവസാനിക്കേണ്ടതായ ചെറുപ്രശ്നങ്ങള്‍ പലതും കശപിശയിലേക്കും ഉന്തുംതള്ളിലേക്കും തല്ലും തകരാറിലേക്കും ഒക്കെ പോകാറുണ്ട് എന്നതാണ് മര്യാദകേടിന്‍റെ അനന്തരമായുണ്ടാകുന്ന ദുരന്തങ്ങള്‍.
 ഉടമസ്ഥരോട് ഒരുവാക്ക് പോലും പറയാതെ പണി നിര്‍ത്തി മുങ്ങുന്ന പണിക്കാരും മുന്‍തൊഴിലുടമയോട് ഒന്നും മിണ്ടാതെ പുതിയ ജോലി തേടി പോകുന്ന ജോലിക്കാരും "വരാം' എന്നുപറഞ്ഞിട്ട് വരാതിരിക്കുന്നവരും ഇവിടെ ധാരാളം. തൊട്ടടുത്ത് നില്‍ക്കുന്നവന്‍റെ മുഖത്തേക്ക് സിഗരറ്റ് പുകയൂതിവിടുന്നവരും "ചപ്പുചവറുകള്‍ ഇവിടെ ഇടരുത്‌" എന്ന് എഴുതിയിടത്തുതന്നെ ചവറുകള്‍ ഇടുന്നവരും "ഇവിടെ മൂത്രം ഒഴിക്കരുത്" എന്നയിടത്ത് തന്നെ മൂത്രമൊഴിക്കുന്നവരും കാണിക്കുന്നത് മര്യാദകേടുകള്‍ മാത്രമല്ല നിയമലംഘനവും കൂടിയാണ്. അധികൃതരുടെ അനാസ്ഥയും ഇക്കാര്യത്തിലുണ്ട്. "പൊതുസ്ഥലങ്ങളില്‍ തുപ്പരുത് എന്ന് സര്‍ക്കാര്‍ നിയമം ഉണ്ടാക്കിയെങ്കിലും തുപ്പാനുള്ള കോളാമ്പികള്‍ എവിടെയും ഉണ്ടാക്കിവെച്ചിട്ടില്ല. 'ജനങ്ങള്‍ എവിടെ തുപ്പും?' എന്നത് അതുകൊണ്ടുതന്നെ ഒരു പ്രശ്നമാണ്.
 കുട്ടികള്‍ക്ക് പെരുമാറ്റമര്യാദകള്‍ പഠിപ്പിക്കുന്ന കാര്യത്തില്‍ വീട്ടുക്കാര്‍ ശ്രദ്ധാലുക്കളല്ല. ഇക്കാര്യത്തില്‍ നാം വെള്ളക്കാരെ കണ്ടുപഠിക്കണം. രണ്ടുവയസ്സായ കുട്ടി കുടിച്ച സോഫ്റ്റ്‌ഡ്രിങ്ക്സിന്‍റെ കാലിപ്പാത്രം ആകുട്ടിയെ കൊണ്ടുതന്നെ വേസ്റ്റ്ബോക്സില്‍ ഇടുവിക്കുന്ന രംഗം പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു മലയാളികുട്ടിയാണെങ്കില്‍ അത് ഏതെങ്കിലും സ്ഥലത്ത്‌ ഒളിപ്പിച്ചുവെയ്ക്കും. അല്ലെങ്കില്‍ വലിച്ചെറിയും. വിദ്യാലയങ്ങളില്‍ കര്‍ശനമായ പെരുമാറ്റചട്ടങ്ങള്‍ ഉണ്ടെങ്കിലും ഭയപ്പെടുത്തിയും ചീത്തപറഞ്ഞും അടിച്ചും വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്ന അധ്യാപകരുടെ രീതികള്‍ വിദ്യാര്‍ത്ഥികളില്‍ വ്യക്തിത്വവൈകല്യങ്ങളാണ് ഉണ്ടാക്കുന്നത്.
 മര്യാദക്കാരായി നടക്കുന്ന വിദേശികളോട് അപമര്യാദയായി പെരുമാറിയതിന്‍റെ പേരില്‍ ധാരാളം കേസുകള്‍ കേരളത്തില്‍ ചാര്‍ജ്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ സ്ത്രീകളോടുള്ള അപമര്യാദകളാണ് കൂടുതലും. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും ധനസമ്പാദനത്തിന്‍റെ കാര്യത്തിലും മലയാളികള്‍ മുന്നിലാണെങ്കിലും മര്യാദയുടെ കാര്യത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം, നമ്മുടെ വിദ്യാഭ്യാസവും ധനവും നമുക്ക് നന്നായി വിനിയോഗിക്കാന്‍ കഴിയാതെവരും. 


കടപ്പാട്:വി പി അബ്ദു ആചാര്യ കോളേജ്

No comments: