ഗൾഫിൽ എല്ലാവരും ഖുബ്ബൂസും തിന്നാണ് കഴിയുന്നത് എന്ന് കരുതരുത്.ഉച്ചക്ക് അധികമാളുകളും ചോറ് തന്നെയാണ് കഴിക്കുന്നത്.. , ഒരാളുമായുള്ള സൌഹൃദം തുടങ്ങുന്നത് അയാളുടെ പ്ലേറ്റിൽ കയ്യിട്ടുകൊണ്ടാവുന്നത് രസമുള്ള കാര്യമാണ്. നമ്മളെക്കുറിച്ച് ആദ്യം തന്നെ അയാൾക്കൊരു അകദേശ രൂപം കിട്ടിക്കോളും..
ഇവിടെ എനിക്കറിയുന്ന കുറച്ചു ആളുകളുടെ ചോറ് എങ്ങിനെയാണെന്ന് നോക്കാം.
മലയാളികൾ...
ഇല്ലാത്ത കാശ് കൊടുത്തു പാലക്കാടൻ മട്ട വാങ്ങും,സംഗതി കാണുമ്പോൾ പാലക്കാട്ടുകാരൻ ആയതിൽ ഒരു അഭിമാനമൊക്കെ തോന്നും,പക്ഷെ മട്ട കഴുകി തുടങ്ങിയാൽ മഴപെയ്താൽ വരി വെള്ളം പോകുന്ന പോലെയങ്ങിനെ പാലക്കാട് ഒരു ചൊമന്ന കളറായി ഒലിച്ചു പോകും. കൂടെ ആദ്യം തോന്നിയ അഭിമാനവും, നല്ല ബ്രാൻഡ്മുണ്ട് കെട്ടോ. ആ ഒലിച്ചു പോകുന്ന കളർ ഇഷ്ട്ടികപ്പൊടിയാണെന്ന് പറഞ്ഞു കേൾക്കാറുണ്ട്..റെഡ് ഓക്സൈഡ് ആണെന്നും ചിലര് പറയും..
ഏതായാലും അരിയിട്ടു കഴിഞ്ഞാൽ പിന്നെ ഒരു മണിക്കൂർ കഴിഞ്ഞു അങ്ങോട്ട് പോയാൽ മതി .ഇടയ്ക്കു സ്റ്റൊവ് ഓഫായാൽ പണി കഞ്ഞി വെള്ളത്തിൽ കിട്ടും. ഇനി ചോറായി കഴിഞ്ഞു അതിൽ കറി ഒഴിച്ചാൽ പണ്ട് ചരല് കൂട്ടി വെച്ച് അതിൽ വെള്ളമോഴിച്ചപോലെ ഒരു അവസ്ഥയാണ് . കറി നേരെ താഴേക്കു പോകും. പ്രത്യേകിച്ചു മഴപെയ്ത പ്രവാസി കറി ആണേൽ പറയുകയും വേണ്ട.
പഴി കമ്പനി ഫുഡ് ഡിവിഷൻ ആയിരുന്നു.നാഗ്പൂരീന്നു വരുന്ന കണ്ടയ്നറിന്റെ ബിൽ ഓഫ് ലാഡിഗ് പരിശോദിച്ച ഞാൻ ഞെട്ടിപ്പോയി. ഒരു ഇരുപതടി കണ്ടൈനർ നിറച്ചും നഗ്പൂരീന്നു വരുന്നത് നമ്മുടെ പാലക്കാടൻ മട്ട.
സംഗതി എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് പാലക്കാടൻ മട്ടയെ ഇഷ്ട്ടമാണ് കാരണം അത് ഉച്ചക്ക് കഴിച്ചാൽ പിന്നെ വൈകീട്ട് ചായക്കു ചെറു കടി ഒന്നും വേണ്ടി വരില്ല. അവിടെ കിടന്നോളും രാത്രി ഖുബ്ബൂസ് കാണുന്നതുവരെ .
നേപ്പാളി.
രണ്ടു നേപ്പാളികൾ കൂടി ഒരു അരിച്ചാക്കു ചുമന്നു കൊണ്ട് പോകുന്നത് കാണാം .ഓ ഇവന്മാർക്കിനി ഒരു മാസത്തേയ്ക്ക് അരിയെപറ്റി ചിന്തിക്കണ്ടല്ലോ എന്ന് കരുതും നമ്മൾ.പത്തു ദിവസം കഴിഞ്ഞാൽ വീണ്ടും കാണാം അതെ ആളുകള് വീണ്ടും അരിചാക്കും ചുമന്നു പോകുന്നത്. ചോറ് തിന്നാനും പണിയെടുക്കാനും തമ്പാക്ക് നാവിൽ വെക്കാനുമായി മാത്രം ജനിച്ച ഒരു വർഗം. പാവങ്ങൾ. നീളമുള്ള ഒരു പരിപ്പ് കറി മതി അവർക്ക് എത്ര ചോറ് വേണേലും കഴിച്ചോളും.
മലയാളിക്ക് ഒരു വിസകിട്ടിയാൽ അവന്റെ വീട്ടുകാര് കരുതും .ഓ സമാധാനമായി ഇനി അരിക്കാര്യം അവൻ നോക്കിക്കോളും എന്ന് . എന്നാൽ ഒരു നേപ്പാളിക്ക് ഒരു വിസ കിട്ടിയാൽ അവന്റെ വീട്ടുകാര് കരുതുന്നത് .ഓ . സമാധാനമായി ഇനി അവനു അരിയിടണ്ടല്ലോ എന്നായിരികും .
അവര് എത്ര തിന്നാലും കുഴപ്പമില്ല.നാട്ടിൽ പോയാലും അതുപോലെ തിന്നാം .നമ്മളെ പോലെ ആന്ധ്ര കനിയുന്നതും നോക്കി നിൽക്കണ്ട.ഭൂരിപക്ഷത്തിനും സ്വന്തമായി വയലും അതിൽ ജോലി ചെയ്യാനുള്ള മനസ്സുമുണ്ട് .
ഓരോരുത്തർ ചോറ് കഴിക്കാനിരുന്നാൽ ചോറ് പാത്രത്തിനു പിറകിൽ ആരാന്നറിയാൻ നമ്മൾ ഒന്ന് എത്തി നോക്കേണ്ടി വരും.ഇവിടെ ശമ്പളം മര്യാദക്ക് കിട്ടുന്നത് കൊണ്ടാവാം എല്ലാവരും നല്ല വില കൂടിയ ബസ്മതി അരിയാണ് വെക്കുന്നത്.അരിയിലൊഴിക്കുന്ന വെള്ളത്തിന്റെ കണക്കു അവർക്കൊരിക്കലും തെറ്റാറില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
നൈജീരിയ.
അരി ഇവർക്ക് അത്ര പ്രാധാന്യമുള്ള ഭക്ഷണമല്ല.നമ്മുടെ റവ (സെമോലിന ) യാണ് ഇവരുടെ പ്രധാന ഭക്ഷണം .അത് കടുകൊന്നും വറുക്കാതെ ചുമ്മാ ചുടുവെള്ളത്തിൽ ഇട്ടു വേവിച്ചു ഉരുട്ടിയെടുക്കും എന്നിട്ട് കറിയിൽ മുക്കി തിന്നും..
വല്ലപ്പോഴും വെക്കുന്ന ചോറിന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്.ചോറിൽ ടോമോട്ടോ പേസ്റ്റ് നിർബന്ധമാണവർക്ക്. വേറെയും എന്തൊക്കെയോ ഇടും. അത്രയും ഒകെ. ഇനി അത് കഴിചിട്ട് ബാക്കി ഫ്രിഡ്ജിൽ വെക്കും. പിന്നീട് അതെടുക്കുമ്പോളൊരു മണമുണ്ട് .ഞാൻ ആ സമയത്ത് അടുക്കളയിൽ ഉണ്ടെങ്കിൽ മൂക്ക് കൊണ്ട് പോയി കച്ചറ ടബ്ബക്കരികിൽ വെക്കും.അവിടെയാണ് ആ സമയത്ത് കുറച്ചുംകൂടെ നല്ല മണം കിട്ടുക.
എന്തോ ആയിക്കോട്ടെ ഒടുക്കത്തെ ആരോഗ്യമാണ് പഹയന്മാർക്ക്. ശബ്ദം കേട്ടാൽ തന്നെ ഒരുവിധക്കാരോക്കെ മാറിനിക്കും..
ഈജിപ്ത്,ശ്രീലങ്ക,ബംഗ്ലാദേശ് ,മൊറോക്കോ,തുർക്കി,ലെബനാൻ ഒക്കെ അരി കഴുകുന്നെ ഉള്ളൂ. അവരുടെ ചോറ് വെന്തതിനു ശേഷം അതിനെ കുറിച്ച് പറയാം.
തുടരും..
No comments:
Post a Comment