പേജുകള്‍

Wednesday, June 20, 2018

എങ്ങനെ നിസ്കരിക്കണം
                മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കി കുളിയും വുളുഉം കഴിഞ്ഞ് വൃത്തിയുള്ള സ്ഥലത്ത് ചെന്ന് അല്ലാഹുവുമായി സംഭാഷണം നടത്താന്‍ (നിസ്കാരം നിര്‍വഹിക്കാന്‍) തയ്യാറാവുന്ന സത്യവിശ്വാസി ബാഹ്യമായ ഈ ശുദ്ധീകരണം കൊണ്ട് മതിയാക്കരുത്. അവന്‍റെ മനസ്സും സംശുദ്ധമായിരിക്കണം. യാതൊരു അനാവശ്യ ചിന്തകളും അവന്‍റെ മനസ്സില്‍ ഉണ്ടാവരുത്. പ്രപഞ്ചനാഥനായ അല്ലാഹുവിന്‍റെ പ്രീതി മാത്രമായിരിക്കണം അവന്‍റെ ലക്ഷ്യം. ഈ വിധം പവിത്രമായ ശരീരത്തോടും മനസ്സോടും കൂടി ബാങ്കും ഇഖാമത്തും കൊടുക്കുക. തുടര്‍ന്നുള്ള ദുആ ചൊല്ലുക എന്നിട്ട് ഖിബലയുടെ നേരെ തിരിഞ്ഞുനിന്ന് നിസ്കരിക്കാന്‍ തുടങ്ങുക.

നിയ്യത്ത്

       ഏതൊരു കര്‍മവും സ്വീകരിക്കപ്പെടാന്‍ നിയ്യത്ത് അനിവാര്യമാണ്. നിസ്കാരത്തിനും വേണം നിയ്യത്ത് "തീര്‍ച്ചയായും കര്‍മങ്ങള്‍ നിയ്യത്തുകള്‍ കൊണ്ടാണ് സ്വീകരിക്കപ്പെടുകയെന്ന പ്രഖ്യാപിതമായ നബിവചനമാണ് ഇതിനു തെളിവ്". നിയ്യത്ത് എന്നാല്‍ ഉദ്ദേശം, കരുത്ത് എന്നൊക്കെയാണ് അര്‍ത്ഥം. ഇത് മനസ്സില്‍ ഉണ്ടാകേണ്ടതാണ്. നാവുകൊണ്ട് പറയണമെന്നില്ല.മനസ്സില്‍ കരുതുകയും നാവുകൊണ്ട് കൂടി പറയുകയും ചെയ്‌താല്‍ കൂടുതല്‍ ഉചിതമായി. മനസ്സില്‍ കരുതാതെ നാവുകൊണ്ട് വിളിച്ചു പറഞ്ഞത് കൊണ്ട് ഒരു പ്രയോചനവുമില്ല. എല്ലാ കര്‍മങ്ങളുടെയും നിയ്യത്തുകളുടെ സ്ഥിതി ഇതാണ്.

                ഉദാഹരണമായി ളുഹര്‍ നിസ്കാരമാണ് ഉദ്ദേശിക്കുന്നത് എന്ന് കരുതുക. ളുഹര്‍ എന്ന ഫര്‍ള് നിസ്കാരം അള്ളാഹു (സു) ക്ക് വേണ്ടി നിര്‍വഹിക്കുന്നു എന്നാണ് മനസ്സില്‍ കരുതേണ്ടത്. ജാമാഅത്തായിട്ടാണ് നിസ്കരിക്കുന്നതെങ്കില്‍ ഇമാമിനെ തുടര്‍ന്നു എന്നുകൂടി കരുതണം. നിയ്യത്തോട് കൂടിയാണ് തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലി നിസ്കാരത്തില്‍ പ്രവേശിക്കേണ്ടത്. നിസ്കാരം തീരുന്നത് വരെയും നിയ്യത്ത് മനസ്സിലുണ്ടാവണം. തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലിയത്തിനു ശേഷം നിയ്യത്തിനെ കുറിച്ച് എന്തെങ്കിലും സംശയം തോന്നുകയും അടുത്ത നിര്‍ബന്ധ കര്‍മം തുടങ്ങുന്നതിനു മുമ്പായി സംശയം തീരുകയും ചെയ്‌താല്‍ നിസ്കാരത്തിനു യാതൊരു കുഴപ്പവും സംഭവിക്കുകയില്ല. അതേ സമയം ഒരാള്‍ നിയ്യത്ത് ചെയ്തു ശേഷം നിറുത്തണമെന്ന് തീരുമാനിക്കുകയോ, ഏതെങ്കിലും ഒരു കാര്യമുണ്ടായാല്‍ നിറുത്തുമെന്നു കരുതുകയോ (ഉദാഹരണത്തിന് മഴ നിലച്ചാല്‍ ഞാന്‍ നിസ്കാരം നിറുത്തുമെന്ന് കരുതുക) ചെയ്‌താല്‍ ആ നിമിഷം തന്നെ നിസ്കാരം ബാത്വില്‍ (അസ്വീകാര്യം) ആയിത്തീരും.

തക്ബീറത്തുല്‍ ഇഹ്റാം

                 അങ്ങനെ ശരിയാം വിധം നിയ്യത്ത് ചെയ്ത് ഇരു കരങ്ങളും ചുമലിനു നേരെ ഉയര്‍ത്തി വിരലുകള്‍ വിടര്‍ത്തുകയും കൈവെള്ളകള്‍ ഖിബലക്ക് നേരെ  തിരിക്കുകയും ചെയ്തു കൊണ്ട് الله أكبر ( അള്ളാഹു അക്ബര്‍) എന്ന് പറഞ്ഞു കൊണ്ട് നിസ്കാരത്തില്‍ പ്രവേശിക്കുക. ഇതിനാണ് തക്ബീര്ത്തുല്‍ ഇഹ്റാം എന്ന് പറയുന്നത്. തക്ബീര്‍ ചൊല്ലിയത്തിനു ശേഷം കൈകള്‍ താഴ്ത്തി വലതു കൈകൊണ്ട് ഇടതു കയ്യിന്‍റെ മണിബന്ധം പിടിച്ച് നെഞ്ചിനും പോക്കിളിനും ഇടയിലായി വെക്കുക. ഇതാണ് നിസ്കാരത്തിലെ കൈകേട്ടാല്‍.
 
                നിര്‍ബന്ധ നിസ്കാരം നിന്നുകൊണ്ടാണ് നിര്‍വഹിക്കേണ്ടത്. അത് നിസ്കാരത്തിന്‍റെ ഫര്‍ള്കളില്‍ ഒന്നാണ്. നിന്നു നിസ്കരിക്കാന്‍ സാധിക്കുന്നവന്‍ ഇരുന്നു നിസ്കരിച്ചാല്‍ നിര്‍ബന്ധ നിസ്കാരം സ്വീകാര്യമാവുകയില്ല. സുന്നത്ത് നിസ്കാരങ്ങള്‍ ഇരുന്നും നിര്‍വഹിക്കാം. തക്ബീര്‍ ചൊല്ലി കൈകെട്ടി കഴിഞ്ഞാല്‍ പിന്നെ ദുആ ഉല്‍ ഇഫ്തിതാഹ് (പ്രാരംഭപ്രാര്‍ത്ഥന) ചൊല്ലുക. ഈ സമയത്തെല്ലാം സുജൂദ് ചെയ്യേണ്ട സ്ഥാനത്തേക്കാണ് നോക്കേണ്ടത്.

പ്രാരംഭ പ്രാര്‍ത്ഥന



                    അര്‍ത്ഥം: ആകാശ ഭൂമികളെ സൃഷ്‌ടിച്ച അല്ലാഹുവിങ്കലെക്ക് ഞാനിതാ എന്‍റെ ശരീരം തിരിച്ചിരിക്കുന്നു. ഞാന്‍ സത്യത്തില്‍ ഉറച്ചവനും അനുസരണയുള്ളവനുമാണ്. ഞാന്‍ ഒരിക്കലും ബഹുദൈവാരാധകരില്‍ ഉള്‍പ്പെട്ടവനല്ല. തീര്‍ച്ചയായും എന്‍റെ നിസ്കാരവും മറ്റു ആരാധനാ കര്‍മങ്ങളും എന്‍റെ ജീവിതവും മരണവുമെല്ലാം ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാണ്. അവനു ഒരു പങ്കുകാരനുമില്ല. ഈ യാഥാര്‍ത്യം അംഗീകരിക്കാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ മുസ്ലിംകളില്‍പ്പെട്ടവനാകുന്നു.

                           ഇതാണ് പ്രാരംഭ പ്രാര്‍ത്ഥന. ഇത് നിര്‍ബന്ധമല്ല, സുന്നത്താണ്. നിസ്കാരം ഫര്‍ളായാലും ഇത് സുന്നത്താണ്. പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലിക്കഴിഞ്ഞാല്‍ പിന്നെ



            (ശപിക്കപ്പെട്ട പിശാചില്‍ നിന്നും അല്ലാഹുവിങ്കല്‍ ഞാന്‍ അഭയം തേടുന്നു) എന്ന് പറയണം. പിന്നെ ഫാത്തിഹ ഓതുക. പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലുന്നതിനു മുന്‍പ് അഊദു ചൊല്ലിത്തുടങ്ങിയാല്‍ പിന്നെ പ്രാരംഭപ്രാര്‍ത്ഥന  ചൊല്ലരുത്.

സൂറത്തുല്‍ ഫാത്തിഹ

                ഫാത്തിഹ ഓതുകയെന്നത് നിസ്കാരത്തിന്‍റെ ഫര്‍ളുകളില്‍ ഒന്നാണ്. നിസ്കാരം ഫര്‍ളോ സുന്നത്തോ ഏതായാലും അതിന്‍റെ ഓരോ റകഅത്തിലും ഫാത്തിഹ ഓതിയിരിക്കണം. ഫാത്തിഹ ഓതാതെയുള്ള നിസ്കാരം സ്വീകാര്യമാവുകയില്ല. 'ഫാത്തിഹ ഓതാത്തവന് നിസ്കാരമില്ല' എന്ന പ്രസിദ്ധമായ നബിവചനമാണ് ഇതിനാധാരം. നിന്ന് നിസ്കരിക്കുന്നവന്‍ ഫാത്തിഹ മുഴുവന്‍ നിറുത്തത്തില്‍ തന്നെ ഓതേണ്ടതാണ്. ഫാത്തിഹയുടെ ചെറിയ ഭാഗമെങ്കിലും നിറുത്തലില്ലാതെ സംഭവിച്ചാല്‍ ആ നിസ്കാരം സ്വീകാര്യമായിത്തീരുകയില്ല. ഫാത്തിഹ അക്ഷരശുദ്ധിയോടെയും,ആശയം മനസ്സിലാക്കിയും ഒതേണ്ടതാണ്. ബിസ്മില്ലാഹി മുതല്‍ വലള്ളാലീന്‍ വരെയുള്ളതാണ് സൂറത്തുല്‍ ഫാത്തിഹ. ഫാത്തിഹക്ക് മുമ്പ് അഊദു ഓതലും ഫത്തിഹക്ക് ശേഷം ആമീന്‍ ചൊല്ലലും സുന്നത്താണ്. ഫത്തിഹയും സൂറത്തും ഉച്ചത്തില്‍ ഓതല്‍ സുന്നത്തുള്ള നിസ്കാരത്തിലും അഊദു പതുക്കെ ചൊല്ലിയാല്‍ മതി. സൂറത്തുല്‍ ഫത്തിഹയും അതിന്‍റെ അര്‍ത്ഥവും താഴെ കൊടുക്കുന്നു.



                      അര്‍ത്ഥം: പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു. സര്‍വ ലോക രക്ഷിതാവായ അല്ലാഹുവിന്ന് സര്‍വ സ്തുതിയും. അവന്‍ പരമ കാരുണ്ണികനും കരുണാനിധിയുമാണ്. പ്രതിഫല ദിനത്തിന്‍റെ ഉടമസ്ഥനാണ്. (അല്ലാഹുവേ) നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു. ഞങ്ങളെ നീ ശരിയായ മാര്‍ഗത്തില്‍ നയിക്കേണമേ! നിന്‍റെ അനുഗ്രഹത്തിന് പാത്രമായവരുടെ മാര്‍ഗത്തില്‍ നിന്‍റെ കോപത്തിനു ഇരയായവരും വഴിതെറ്റിയവരും അല്ലാത്തവരുടെ മാര്‍ഗത്തില്‍  (അല്ലാഹുവേ) ഞങ്ങളുടെ പ്രാര്‍ത്ഥന നീ സ്വീകരിക്കേണമേ!

                 എല്ലാ നിസ്കാരത്തിലെയും ആദ്യത്തെ രണ്ട് റകഅത്തുകളില്‍ ഫാത്തിഹ ഓതിയതിനു ശേഷം ഏതെങ്കിലും ഒരു സൂറത്ത് ഓതല്‍ സുന്നത്താണ്. മഗ്രിബ് നിസ്കാരത്തില്‍ ഏറ്റവും ചെറിയ സൂറത്തുകളും ളുഹറിലും അസറിലും അല്‍പം വലിയ സൂറത്തുകളും ഓതല്‍ പ്രത്യേകം സുന്നത്താണ്. വെള്ളിയാഴ്ച സുബഹി നിസ്കാരത്തില്‍ അലിഫ്ലാം മീം തന്‍സീലുല്‍ കിതാബ്, ഹല്‍ അത്താ അലല്‍ ഇന്‍സാനി എന്നീ സൂറത്തുകളും വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിലും ഇശാ നിസ്കാരത്തിലും സൂറത്തുല്‍ ജുമുഅ, സൂറത്തുല്‍ മുനാഫിഖൂന്‍ എന്നിവയും അല്ലെങ്കില്‍ സബ്ബിഹിസ്മ, ഹല്‍ അത്താക്ക എന്നീ സൂറത്തുകളും ഓതേണ്ടതാണ്. വെള്ളിയാഴ്ച മഗ്രിബ് നിസ്കാരത്തിലും മഗ്രിബ് ഇശാ എന്നിവയുടെ സുന്നത്തു നിസ്കാരങ്ങളിലും സൂറത്തുല്‍ കാഫിറൂന്‍, സൂറത്തുല്‍ ഇഖ്ലാസ് എന്നീ സൂറത്തുകള്‍ ഓതല്‍ സവിശേഷപ്രാധാന്യമുള്ള സുന്നത്താണ്. ഇമാമിനെ തുടര്‍ന്ന് നിസ്കരിക്കുന്നവര്‍ ഫാത്തിഹ ഓതിയതിനു ശേഷം സൂറത്ത് ഓതേണ്ടതില്ല. ഇമാം സൂറത്ത് ഓതുന്നത് ശ്രദ്ധിച്ചുകേള്‍ക്കുകയാണവര്‍ വേണ്ടത്. എന്തെങ്കിലും കാരണത്താല്‍ ഇമാമിന്‍റെ ഓത്ത് കേള്‍ക്കാത്ത മഅമൂമിനെ സംബന്ധിച്ചിടത്തോളം ഫത്തിഹക്ക് ശേഷം സൂറത്ത് ഓതുന്നതാണ് നല്ലത്. ചില സൂറത്തുകളും അവയുടെ അര്‍ത്ഥവും താഴെ കൊടുക്കുന്നു.

സൂറത്തുല്‍ കാഫിറൂന്‍



             അര്‍ത്ഥം: പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ (നബി) പറയുക. അല്ലയോ സത്യനിഷേധികളെ, നിങ്ങള്‍ ആരാധിക്കുന്നവയെ ഞങ്ങള്‍ ആരാധിക്കുകയില്ല. ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുകയില്ല. നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിച്ചിരുന്നില്ല. ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിച്ചിരുന്നില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതം.

സൂറത്തുല്‍ ഖാരിഅ



             
             അര്‍ത്ഥം: പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍. ആ ഭയങ്കര വിപത്ത്! ഭയങ്കര വിപത്ത് എന്താണെന്ന് താങ്കള്‍ക്ക് അറിവ് തരുന്നത് എന്താണ്? ജനങ്ങള്‍ ചിന്നിച്ചിതറി വിതറപ്പെട്ട ധൂളികള്‍ പോലെ ആയിത്തീരുകയും പര്‍വതങ്ങള്‍ കടയപ്പെട്ട കമ്പിളിരോമം പോലെയാവുകയും ചെയ്യുന്ന ദിവസം ആ വിപത്തുണ്ടാകും. അപ്പോള്‍ ആരുടെ തുലാസ് മുന്‍‌തൂക്കം തൂങ്ങുന്നുവോ അവര്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും. ആരുടെ തുലാസില്‍ നന്മയുടെ ഭാരം കുറയുന്നുവോ അവരുടെ മടക്ക സ്ഥാനം അഗാധ ഗര്‍ത്തമാകുന്നു. അത് എന്താണെന്ന് നിനക്ക് അറിവ് തരുന്നത് എന്താണ്? കത്തിജ്വലിക്കുന്ന നരകമാകുന്നു അത്.

സൂറത്തുല്‍ ഖുറൈശ്



                   അര്‍ത്ഥം: പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍, ഖുറൈശികള്‍ക്ക് ഇണക്കമുണ്ടാകാന്‍- ഉഷ്ണകാലത്തും ശൈത്യകാലത്തും യാത്ര ചെയ്യുന്നതിനു അവര്‍ക്ക് ഇണക്കമുണ്ടാകാന്‍ ( വേണ്ടതൊക്കെ അല്ലാഹു ചെയ്തു കൊടുത്തു). അതിനാല്‍ തങ്ങള്‍ക്ക് വിശപ്പകറ്റാന്‍ ഭക്ഷണം നല്‍കുകയും, ഭയത്തില്‍ നിന്ന് മോചനം നല്‍കുകയും ചെയ്ത ഈ ഭവനത്തിന്‍റെ നാഥനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.

റുകൂഇലേക്ക്

                 ഫത്തിഹയും സൂറത്തും ഓതിക്കഴിഞ്ഞാല്‍ 'അല്ലാഹു അക്ബര്‍' എന്ന് പറഞ്ഞുകൊണ്ട് റുകൂഇലേക്ക് പോകണം.
                  കൈകള്‍ മേലോട്ട് ഉയര്‍ത്തി ഉടന്‍ താഴ്ത്തുകയും ചെയ്യുക. കുനിഞ്ഞു നില്‍ക്കുമ്പോള്‍ മുതുകും പിരടിയും ഒരേ നിരപ്പില്‍ ആയിരിക്കണം. കൈപ്പത്തികള്‍ കാല്‍മുട്ടുകളില്‍ വെക്കുക. ഒരു നിമിഷത്തേക്ക് എല്ലാ ചലനങ്ങളും നിര്‍ത്തുക ഇതാണ് റുകൂഅ. അല്ലാഹുവിന്‍റെ മുന്‍പില്‍ വിനയവും വിധേയത്വവും കാണിക്കുന്നതിന്‍റെ ഒരു രൂപമാണത്. റുകൂഇല്‍ ഈ ദിക്ര്‍ മൂന്നു പ്രാവശ്യം ചൊല്ലുക.



                അര്‍ത്ഥം: മഹാനായ അല്ലാഹുവിനെ ഞാന്‍ സ്തുതിക്കുകയും അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു. കൂടാതെ റുകൂഇല്‍ ഈ പ്രാര്‍ഥനയും ചോല്ലാവുന്നതാണ്.

 


                അര്‍ത്ഥം: അല്ലാഹുവേ നിനക്ക് വേണ്ടി ഞാന്‍ തല കുനിച്ചിരിക്കുന്നു. നിന്‍റെ മുമ്പില്‍ ഞാന്‍ വിനയാന്വിതനായിരിക്കുന്നു. നിന്നില്‍ വിശ്വസിച്ചിരിക്കുന്നു. നിന്നെ അനുസരിച്ചിരിക്കുന്നു. നിന്നില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. നീയാണെന്‍റെ നാഥന്‍. എന്‍റെ കണ്ണും കാതും മജ്ജയും മാംസവും എല്ലും ഞരമ്പും എന്‍റെ പാദങ്ങള്‍ വഹിച്ചിരിക്കുന്ന സര്‍വ അവയവങ്ങളും ഭയഭക്തിയോടെ നിനക്ക് കീഴ്പ്പെട്ടിരിക്കുന്നു.

ഇഅത്തിദാല്‍

                 റുകൂഇല്‍ നിന്ന് നേരെ എഴുന്നേറ്റ് നിവര്‍ന്നു നില്‍ക്കണം. ഇതാണ് ഇഅത്തിദാല്‍ എന്ന് പറയുന്നത്. റുകൂഇല്‍ നിന്ന്‍ ഉയരുമ്പോള്‍ ഇരുകൈകളും ചുമലിനു നേരെ ഉയര്‍ത്തി . സമി അല്ലാഹു ലിമന്‍ ഹമിദ



       എന്ന് പറയുകയും പിന്നീട് കൈകള്‍ താഴ്ത്തിയിട്ട് നേരെ നില്‍ക്കുകയും വേണം. റുകൂഇലെന്നപോലെ ഇഅത്തിദാലിലും അല്‍പനേരം ശാന്തനായി നില്‍ക്കണം. ഇഅത്തിദാലില്‍ ഈ പ്രാര്‍ത്ഥന ചൊല്ലുക.



         അര്‍ത്ഥം: ഞങ്ങളുടെ നാഥാ ആകാശങ്ങളും ഭൂമിയും നീ ഉദ്ദേശിച്ച മറ്റു വസ്തുക്കളും നിറയെ നിനക്ക് സ്തുതി.

        തുടര്‍ന്ന്‍ താഴെ കാണുന്ന പ്രാര്‍ത്ഥന ചൊല്ലണം.

                                       


                അര്‍ത്ഥം: സ്തുതികള്‍ക്കും ബഹുമതികള്‍ക്കും അര്‍ഹനായ അല്ലാഹുവേ ഒരടിമ പറയുന്നതില്‍ വെച്ച് ഏറ്റവും സത്യമായ വചനം! ഞങ്ങളെല്ലാം നിന്‍റെ അടിമകളാകുന്നു. നീ നല്‍കുന്നതിനെ തടയാനും നീ തടയുന്നതിനെ നല്‍കാനും ആരും തന്നെയില്ല. സമ്പന്നന് നിന്‍റെ കൈവശമുള്ള ഒന്നിന് വേണ്ടിയും തന്‍റെ സമ്പത്ത് പ്രയോചനപ്പെടുകയില്ല.

സുജൂദ് (സാഷ്ടാംഗം)

                 ഇഅത്തിദാലില്‍ നിന്ന് നേരേ സുജൂദിലേക്ക് പോകണം. സുജൂദിലേക്ക് പോകുമ്പോഴും സുജൂദില്‍ നിന്ന്‍ ഉയരമ്പോഴും 'അല്ലാഹു അക്ബര്‍'എന്ന് പറയണം. സുജൂദിലേക്ക് പോകുമ്പോള്‍ ആദ്യമായി കാല്‍ മുട്ടുകളാണ് നിലത്തു വെക്കേണ്ടത്. കാല്‍മുട്ടുകള്‍, കൈവെള്ളകള്‍ ,നെറ്റി, മൂക്ക്, കാല്‍വിരലുകളുടെ ഉള്‍ഭാഗങ്ങള്‍ ഇവയെല്ലാം നിലത്തുവെക്കണം.

                 തലയുടെ ഭാരം മുഴുവന്‍ നിലത്ത് ഊന്നി മേല്‍ഭാഗം താഴ്ത്തി മുതുകുഭാഗം ഉയര്‍ത്തിക്കിടക്കുന്നതിനാണ് സുജൂദ് എന്ന് പറയുന്നത്. അല്ലാഹുവിന്‍റെ മുന്‍പില്‍ വിനയവും വണക്കവും കാണിക്കുന്നതിന്‍റെ പാരമ്യത്തെ സൂചിപ്പിക്കുന്നതാണ് സുജൂദ്. സുജൂദ് ചെയ്യുമ്പോള്‍ നെറ്റി നിലത്ത് പതിയുന്നു എന്ന് ഉറപ്പുവരുത്തണം. തൊപ്പി, തലയില്‍ക്കെട്ട്, മക്കന, മുടി തുടങ്ങിയവ കൊണ്ട് നെറ്റി മറയാതെ നോക്കണം. മൂക്ക് ഒഴിച്ചുള്ള മറ്റു ശരീരഭാഗങ്ങള്‍ (മേല്‍പ്പറഞവ) കാരണം കൂടാതെ അല്പനേരമെങ്കിലും നിലത്തു തട്ടാതിരുന്നാല്‍ സുജൂദ് ശരിയാവുകയില്ല. സുജൂദില്‍ ഈ ദിക്ര്‍ മൂന്നു പ്രാവശ്യം പറയുക.



              പരമോന്നതനായ എന്‍റെ നാഥനെ സ്തുതിക്കുകയും അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു എന്നാണിതിന്‍റെ അര്‍ത്ഥം. തുടര്‍ന്ന് ഈ പ്രാര്‍ത്ഥനകൂടി ചൊല്ലുക. അത് സുന്നത്താണ്.





              അര്‍ത്ഥം: എന്‍റെ ശരീരത്തെ സൃഷ്ടിക്കുകയും അതിനു രൂപകല്‍പ്പന ചെയ്യുകയും തന്‍റെ ഇച്ഛയും കഴിവും കൊണ്ട് അതില്‍ കണ്ണും കാതും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്‍റെ മുമ്പില്‍ എന്‍റെ ശരീരം ഇതാ സാഷ്ടാംഗം ചെയ്തിരിക്കുന്നു.സൃഷ്‌ടാക്കളില്‍ അത്യുല്‍കൃഷ്‌ടനായ അള്ളാഹു ഉത്തമ ഗുണങ്ങളുടെ അധിപന്‍ തന്നെയാകുന്നു.

                     ഓരോ റകഅത്തിലും രണ്ട് സുജൂദുകള്‍ വീതമാണുള്ളത്. രണ്ട് സുജൂദുകള്‍ക്കിടയില്‍ ഒരു ഇരുത്തമുണ്ട്.

സുജൂദുകള്‍ക്കിടയിലെ ഇരുത്തം

                     ഒരു സുജൂദ് പൂര്‍ത്തിയായാല്‍ അല്ലാഹു അക്ബര്‍ എന്ന് ചൊല്ലിക്കൊണ്ട് തലയുയര്‍ത്തി നിവര്‍ന്നിരിക്കുക.

                        ഇടതുകാലിന്‍റെ പാദം പരത്തി അതിന്മേല്‍ ഇരിക്കുകയും വലതു പാദം കുത്തിവെക്കുകയും വേണം. കൈവിരലുകള്‍ പരത്തി കൈപ്പത്തികള്‍ തുടയുടെ മേല്‍ വെക്കണം. ഈ തരത്തിലുള്ള ഇരുത്തത്തിനു ഇഫ്‌തിറാശ് എന്നാണ് പറയുക. ഇവിടെയും വലതു കൈവിരലുകള്‍ പിടിക്കണ്ട രൂപം മുമ്പ് വിവരിച്ചിട്ടുണ്ട്. അപ്രകാരം തന്നെ വെക്കണം. രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തം അധികം ദീര്‍ഘിപ്പിക്കാന്‍ പാടില്ല. പ്രിഷ്ടഭാഗം മടമ്പില്‍ വെച്ച് കാല്‍മുട്ടുകളെ നിലത്ത് കുത്തിക്കൊണ്ട് ഇരിക്കുന്നതിനും വിരോധമില്ല. എങ്കിലും ഏറ്റവും നല്ലത് ഇഫ്തിറാശിന്‍റെ ഇരുത്തം തന്നെ.

                രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തില്‍ ഈ ദിക്ര്‍ ചൊല്ലുക.



                   അര്‍ത്ഥം: എന്‍റെ നാഥാ, എന്‍റെ പാപങ്ങള്‍ പൊറുക്കുകയും എന്നെ അനുഗ്രഹിക്കുകയും എന്‍റെ ന്യൂനതകള്‍ പരിഹരിക്കുകയും എന്നെ ഉന്നതിയിലേക്കുയര്‍ത്തുകയും എനിക്ക് ആഹാരവും സന്മാര്‍ഗ ദര്‍ശനവും ആരോഗ്യവും നല്‍കുകയും ചെയ്യേണമേ!

                   
                     ഇത് പൂര്‍ത്തിയായാല്‍ രണ്ടാമതൊരു സുജൂദുകൂടി ചെയ്യുക. ആദ്യത്തെ സുജൂദില്‍ ചെയ്തതും പറഞ്ഞതുമെല്ലാം രണ്ടാമത്തെ സുജൂദിലും ആവര്‍ത്തിക്കണം. ഈ സുജൂദുകൂടി കഴിഞ്ഞാല്‍ ഒരു റകഅത്ത് പൂര്‍ത്തിയായി. റുകൂഅ, ഇഅത്തിദാല്‍, സുജൂദ്, സുജൂദുകള്‍ക്കിടയിലെ ഇരുത്തം ഇവയിലെല്ലാം (ത്വുമഅനീനത്ത്) അഥവാ ശാന്തത കൈക്കൊള്ളല്‍ നിര്‍ബന്തമാണ്. റുകൂഇലേക്ക് പോകുകയും അപ്പോള്‍ തന്നെ ഇത്തിദാലിലേക്ക് പോരുകയും ചെയ്‌താല്‍ ശരിയാവുകയില്ല. മറ്റുള്ളവയും ഇങ്ങനെ തന്നെ. ഇതേ ക്രമത്തില്‍ എല്ലാ റകഅത്തുകളും നിസ്കരിക്കണം.

                      രണ്ടില്‍ കൂടുതല്‍ റകഅത്തുള്ള നിസ്കാരമാണെങ്കില്‍ രണ്ടാം റകഅത്തിനു ശേഷം ആദ്യത്തെ അത്തഹിയ്യാത്ത് ഓതുകയും അതിന്നായി ഇരിക്കുകയും വേണം. നേരത്തെ പറഞ്ഞത് പോലെയുള്ള ഇഫ്‌തിറാശിന്‍റെ ഇരുത്തമാണ് ഇരിക്കേണ്ടത്. ആദ്യത്തെ അത്തഹിയ്യാത്തിന്നു ശേഷം നബി(സ) യുടെ മേല്‍ സ്വലാത്ത് ചൊല്ലണം. അത്തഹിയ്യാത്തും സ്വലാത്തും കഴിഞ്ഞാല്‍ വീണ്ടു എഴുന്നേല്‍ക്കുകയും ബാക്കിയുള്ള റകഅത്തുകള്‍ പൂര്‍ത്തിയാക്കുകയും വേണം. ആദ്യത്തെ അത്തഹിയ്യാത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ കൈകളില്‍ ഭാരം കൊടുത്താണ് എഴുന്നേല്‍ക്കേണ്ടത്. കൈകള്‍ ചുമലിനു നേരെ ഉയര്‍ത്തി താഴ്ത്തുകയും വേണം. എല്ലാ റകഅത്തുകളും പൂര്‍ത്തിയായാല്‍ അവസാനത്തെ അത്തഹിയ്യാത്ത് ഓതുകയും അതിന്നായി ഇരിക്കുകയും വേണം. തവര്‍റുക്കിന്‍റെ ഇരുത്തമാണ് ഇവിടെ ഇരിക്കേണ്ടത്, അതിന്‍റെ രൂപം നേരത്തെ വിവരിച്ചിട്ടുണ്ട്. എന്നാല്‍ സലാം വീട്ടുന്നതിനു മുമ്പ് സുജൂദുസ്സഹ്വി (മറവിയുടെ സുജൂദ്) ചെയ്യാനുണ്ടെങ്കില്‍ ഇഫ്തിറാശിന്‍റെ ഇരുത്തമാണ് ഇരിക്കേണ്ടത്. അവസാനത്തെ അത്തഹിയ്യാത്തിനു ശേഷം നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലണം. അതിനു ശേഷം ദുആ ചെയ്യലും സുന്നത്താണ്.

അത്തഹിയ്യാത്തും സ്വലാത്തും



                   അര്‍ത്ഥം: എല്ലാ കാണിക്കകളും അനുഗ്രഹീതങ്ങളായ എല്ലാ കാര്യങ്ങളും എല്ലാ നിസ്കാരങ്ങളും എല്ലാ സല്‍കര്‍മങ്ങളും അല്ലാഹുവിന്നുള്ളതാകുന്നു. അല്ലയോ നബിയെ! അല്ലാഹുവിന്‍റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും അങ്ങയുടെ മേല്‍ ഉണ്ടായിരിക്കട്ടെ. അല്ലാഹുവിന്‍റെ സദ്‌വൃത്തരായ ഇതെല്ലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു ഒഴികെ ഒരു ആരാദ്യനും ഇല്ലെന്നും മുഹമ്മദ്‌(സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, മുഹമ്മദ് നബിയുടെ മേല്‍ നീ കാരുണ്യം വര്‍ഷിക്കേണമേ!

                അവസാന അത്തഹിയ്യാത്തിന് ശേഷം പൂര്‍ണമായ സ്വലാത്ത് ചൊല്ലലും അതിനു ശേഷം പ്രാര്‍ത്തിക്കലും സുന്നത്താകുന്നു. പൂര്‍ണമായ സ്വലാത്ത് താഴെ കൊടുക്കുന്നു.

സ്വലാത്തിന്‍റെ പൂര്‍ണ്ണ രൂപം




                    അര്‍ത്ഥം: അല്ലാഹുവേ, ഈ ലോകത്തുള്ളവരില്‍ വെച്ച് ഇബ്രാഹിം നബിയുടെയും കുടുബത്തിന്‍റെയും മേല്‍ നീ കാരുണ്യവും അനുഗ്രഹവും വര്‍ഷിപ്പിച്ചത് പോലെ മുഹമ്മദ് നബി(സ) യുടെയും കുടുബത്തിന്‍റെയും മേല്‍ നീ കാരുണ്യവും അനുഗ്രഹവും വര്‍ഷിക്കേണമേ. തീര്‍ച്ചയായും നീ സ്തുത്യര്‍ഹനും പരമോന്നതനുമാണല്ലോ.

അത്തഹിയ്യാത്തിനു ശേഷമുള്ള ദുആ



                അര്‍ത്ഥം: അല്ലാഹുവേ! ഞാന്‍ മുമ്പു ചെയ്തതും പിറകെ ചെയ്യുന്നതും രഹസ്യമായും പരസ്യമായും അതിരുവിട്ടു ചെയ്തതുമെല്ലാം എന്നെക്കാള്‍ കൂടുതല്‍ നിനക്കറിയാവുന്നതുമായ എല്ലാ തെറ്റുകളും എനിക്ക് നീ പൊറുത്തു തരേണമേ! തീര്‍ച്ചയായും എല്ലാ കാര്യങ്ങളും അവയുടെ ക്രമപ്രകാരം മുന്തിക്കുകയും പിന്തിക്കുകയും ചെയ്യുന്നവനാണ് നീ. നീയല്ലാതെ ഒരു ആരാധ്യനുമില്ല. അല്ലാഹുവേ! ഖബറിലെ ശിക്ഷയില്‍ നിന്നും നരക ശിക്ഷയില്‍ നിന്നും, ജീവിതത്തിന്‍റെയും മരണത്തിന്‍റെയും പരീക്ഷണങ്ങളില്‍ നിന്നും ശപിക്കപ്പെട്ട ദജ്ജാലിന്‍റെ ഫിത്നയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.

             അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷമാണ് ഈ ദുആ ചൊല്ലേണ്ടത്.

അത്തഹിയ്യാത്തിനു വേണ്ടിയുള്ള ഇരുത്തം

                       അത്തഹിയ്യാത്തിനും സ്വലാത്തിനും വേണ്ടി തവര്‍റുക്കിന്‍റെ ഇരുത്തമാണ് ഇരിക്കേണ്ടത്. കൈപ്പത്തികള്‍ രണ്ടും കാല്‍മുട്ടുകള്‍ക്കടുത്തായി തുടകളുടെ മേല്‍ വെക്കണം. അത്തഹിയ്യാത്ത് ഓതുമ്പോള്‍ ഇല്ലാഹു എന്ന് ഉച്ചരിക്കുന്ന സമയത്ത് വലതു കയ്യിന്‍റെ ചൂണ്ടു വിരല്‍ അല്പം ഉയര്‍ത്തുകയും അതിലേക്ക് തന്നെ നോക്കുകയും വേണം. അത് സുന്നത്താണ്. ഉയര്‍ത്തിയ വിരല്‍ സലാം വീട്ടുന്നത് വരെയും താഴ്ത്തരുത്. അത്തഹിയ്യാത്തും സ്വലാത്തും ദുആയും കഴിഞ്ഞതിനു ശേഷം രണ്ട് പ്രാവശ്യം സലാം ചൊല്ലി നിസ്കാരത്തില്‍ നിന്നും വിരമിക്കണം. ഇവയില്‍ ഒന്നാമത്തെ സലാം നിര്‍ബന്ധവും രണ്ടാമത്തെ സലാം സുന്നത്തുമാകുന്നു.

സലാം വീട്ടല്‍

               നിസ്കാരം തക്ബീര്‍ കൊണ്ട് ആരംഭിക്കുന്നു തസ്ലീം കൊണ്ട് അവസാനിക്കുകയും ചെയ്യുന്നു.



              അസ്സലാമു അലൈകും വരഹ്മത്തുല്ലാഹ് എന്ന് ചൊല്ലിയാണ് സലാം വീട്ടേണ്ടത്. അല്ലാഹുവിന്‍റെ രക്ഷയും കാരുണ്യവും നിങ്ങളുടെ മേല്‍ ഉണ്ടാവട്ടെ എന്നാണിതിന്‍റെ അര്‍ത്ഥം. അസ്സലാമു അലൈകും എന്ന് പറയലെ നിര്‍ബന്ധമുള്ളൂ. വരഹ്മത്തുല്ലാഹ് എന്ന് കൂട്ടിചേര്‍ക്കലും രണ്ടാമത്തെ സലാം പറയലും സുന്നത്താണ്. ആദ്യം സലാം പറയുമ്പോള്‍ വലതു ഭാഗത്തേക്കും രണ്ടാമത് സലാം പറയുമ്പോള്‍ ഇടതു ഭാഗത്തേക്കും മുഖം തിരിക്കലും സുന്നത്താണ്. ആദ്യത്തെ സലാം കൊണ്ട് വലതു ഭാഗത്തും രണ്ടാമത്തെ സലാം കൊണ്ട് ഇടതു ഭാഗത്തുമുള്ള മലക്കുകള്‍, സത്യവിശ്വാസികള്‍ തുടങ്ങിയവര്‍ക്ക് സലാം പറയുകയാണെന്ന് മനസ്സില്‍ കരുതണം. അതും സുന്നത്തു തന്നെ.

                   നിസ്കാരത്തിന്‍റെ കര്‍മങ്ങള്‍ അല്‍പം വിശദമായിതന്നെ നാം വിവരിച്ചു കഴിഞ്ഞു. ഈ കര്‍മങ്ങളെല്ലാം മേല്‍ പറഞ്ഞ ക്രമത്തില്‍ തന്നെ ചെയ്യേണ്ടതാണ്. എങ്കില്‍ മാത്രമേ നിസ്കാരം ശരിയാവുകയുള്ളൂ. ക്രമം തെറ്റിച്ചാല്‍ നിസ്കാരം സ്വീകരിക്കപ്പെടുകയില്ല.

ഖുനൂത്ത്

         സുബഹ് നിസ്കാരത്തിൽ രണ്ടാമത്തെ റക്അത്തിലെ ഇഅത്തിദാലിലും റമളാൻ മാസം പകുതിക്കു ശേഷമുള്ള വിത്ർ നിസ്കാരത്തിൻറെ അവസാന റകഅത്തിൻറെ ഇഅത്തിദാലിലും ഖുനൂത്ത് ഓതൽ സുന്നത്താണ്. മുസ്ലിംകൾ ഏതെങ്കിലും ആപൽ ഭീഷണി നേരിടുമ്പോൾ എല്ലാ നിസ്കാരങ്ങളിലും ഖുനൂത്ത് ഓതൽ സുന്നത്തുണ്ട്. ഖുനൂത്തിൻറെ വചനങ്ങൾ താഴെ കൊടുക്കുന്നു.



     അർത്ഥം : അല്ലാഹുവേ ! നീ നേർ  മാർഗത്തിലാക്കിയവരുടെ കൂടെ എന്നേയും  നീ നേർ മാർഗത്തിലാക്കേണമേ, നീ എനിക്ക് ആരോഗ്യം നൽകേണമേ, നീ സംരക്ഷണം ഏറ്റെടുത്തവരുടെ കൂട്ടത്തിൽ എൻറെ സംരക്ഷണവും നീ ഏറ്റെടുക്കേണമേ. എനിക്ക് നൽകിയതിൽ നീ ബർക്കത്ത് നൽകേണമേ. നീ വിധിച്ചതിൻറെ തിന്മയിൽ നിന്ന് എന്നെ നീ കത്തു രക്ഷിക്കേണമേ, തീർച്ചയായും നീയാണ് വിധിക്കുന്നത്. നിൻറെ കാര്യത്തിൽ വിധിക്കാൻ ആരുമില്ല. നീ മാന്യത നൽകിയവൻ നിന്ദ്യനാവുകയുമില്ല. നീ നിന്ദിച്ചവൻ മാന്യനാവുകയുമില്ല. ഞങ്ങളുടെ നാഥാ നീ പരമോന്നതനും അനുഗ്രഹീതനുമായിരിക്കുന്നു. നീ വിധിച്ചതിൻറെ പേരിൽ സർവ സ്തുതിയും നിനക്കുതന്നെ. നിന്നോട് ഞാൻ മാപ്പിനപേക്ഷിക്കുന്നു. നിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. നിരക്ഷരജ്ഞനും പ്രവാചകനുമായ മുഹമ്മദ്‌ നബി (സ) തിരുമേനിയുടെയും കുടുംബത്തിൻറെയും സ്വഹാബികളുടേയും  മേൽ  അല്ലാഹു അനുഗ്രഹവും രക്ഷയും ചൊരിയുമാറാകട്ടെ.

                     ഖുനൂത്ത് ഓതുമ്പോൾ രണ്ടു കൈകളും ഉയരത്തിപ്പിടിക്കണം. മറ്റു പ്രാർത്ഥനകൾക്ക് ശേഷം ചെയ്യാറുള്ളതുപോലെ ഖുനൂത്തിനു ശേഷം നാം മുഖം തടകരുത്. ഖുനൂത്തിൽ മേൽ  പറഞ്ഞ പ്രാർത്ഥനയേ ഉപയോഗിക്കാവൂ എന്നില്ല. മറ്റു പ്രാർത്ഥനകളും ഉപയോഗിക്കാം. നബി തിരുമേനി (സ) യിൽ നിന്ന് തന്നെ വേറേയും പ്രാർഥനകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സാധാരണയായി ഉപയോഗിച്ചു വരുന്നത് മേൽ പറഞ്ഞ പ്രാർത്ഥനയാണെന്ന് മാത്രം.

                     ഇമാമാണ് ഖുനൂത്ത് ഒതുന്നത് എങ്കിൽ ബഹുവചനശബ്ദം ഉപയോഗിക്കണം. ഉദാഹരണത്തിന് ഇഹ്ദിനീ എന്ന്  പറയുന്നിടത്ത് ഇഹ്ദിനാ എന്ന് പറയണം. ഇമാമിൻറെ ഖുനൂത്തിനു മഅമും ആമീൻ ചൊല്ലുകയും വേണം. അല്ലാഹുവിനെ സ്തുതിക്കുന്ന വചനങ്ങൾ മഅമും ഇമാമിനോടൊപ്പം ചൊല്ലണം.

സഹ് വിൻറെ  സുജൂദ്

                   താഴെ പറയുന്ന സന്ദർഭങ്ങളിൽ സഹ് വിൻറെ (മറവിയുടെ) സുജൂദ് ചെയ്യേണ്ടതാണ്.

1. ഖുനൂത്തോ അതുപോലെ മറ്റെന്തെങ്കിലും അബ്ആള് സുന്നത്തോ മറന്നു ചെയ്യാതിരിക്കുക. ( അബ്ആള് സുന്നത്തുകൾ എന്തെല്ലാമാണ് എന്ന് പിന്നീട് വിവരിക്കുന്നുണ്ട്.)

2. മനപ്പൂർവം ചെയ്‌താൽ നിസ്കാരം നിഷ്ഫലമായിത്തീരുന്ന ഏതെങ്കിലും കാര്യം മറന്നു ചെയ്യുക.( നിസ്കാരത്തെ നിഷ്ഫലമാക്കിത്തീർക്കുന്ന കാര്യങ്ങളെന്തെന്നും പിന്നീട് വിവരിക്കുന്നുണ്ട്.)

3. നിസ്കാരത്തിൻറെ ഏതെങ്കിലും കർമങ്ങളുടെ കാര്യത്തിൽ സംശയം ജനിക്കുക.

                     ഒറ്റക്ക് നിസ്കരിക്കുകയാണെങ്കിലും സഹ് വിന്റെ സുജൂദ് ചെയ്യേണ്ടതാണ്. സഹ്വിന്റെ സുജൂദ് രണ്ടു പ്രാവശ്യം ചെയ്യണം. സാധാരണ നിസ്കാരത്തിലെ സുജൂദുകൾക്കിടയിൽ ഇരിക്കുന്നതു പോലെ ഇവക്കിടയിലും ഇരിക്കണം. അവസാനത്തെ അത്തഹിയ്യാത്തും സ്വലാത്തും ദുആയും കഴിഞ്ഞ് സലാം വീട്ടുന്നതിനു തൊട്ടു മുൻപാണ് സഹ് വിൻറെ  സുജൂദ് ചെയ്യേണ്ടത്. സഹ് വിൻറെ സുജൂദുകളിൽ ഈ ദിക്ർ ചെല്ലണം.



                     അർത്ഥം : ഉറക്കവും മറവിയും ഇല്ലാത്ത അല്ലാഹുവിൻറെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.

                        നിസ്കാരത്തിൽ നിർബന്ധമായ ഏതെങ്കിലും ഒരു കാര്യം മറന്നു എന്ന് കരുതുക. ഓർമ വന്ന ഉടനെ അതു നിർവഹിക്കണം. സഹ് വിൻറെ സുജൂദ് ചെയ്യാം എന്ന് കരുതി വിട്ടു കളയാൻ പാടില്ല. ചുരുക്കത്തിൽ നിസ്കാരത്തിൽ നിർവഹിക്കേണ്ടത് ഉപേക്ഷിക്കുകയോ നിസ്കാരത്തിൽ ഇല്ലാത്തത് പ്രവർത്തിക്കുകയോ ചെയ്താലാണ് സഹ് വിൻറെ സുജൂദ് ആവശ്യമായിവരുന്നത്.

                    സുന്നത്തായ ഒരു കാര്യം മറക്കുകയും അതിനു ശേഷമുള്ള ഫർളിൽ പ്രവേശിക്കുകയും ചെയ്തതിനു ശേഷം മറന്നത് ഓർമ വന്നാൽ അത് നിർവഹിക്കാൻ വേണ്ടി മടങ്ങരുത്. മനപ്പൂർവം അങ്ങനെ മടങ്ങിയാൽ നിസ്കാരം നിഷ്ഫലമായിത്തീരും.

സുജൂദുത്തിലാവ
                               വിശുദ്ധ ഖുറാനിൽ സുജൂദിൻറെ ചില ആയത്തുകളുണ്ട്. അവ ഓതുമ്പോൾ ഓതുന്നവർക്കും കേൾക്കുന്നവർക്കും സുജൂദ് ചെയ്യൽ സുന്നത്താണ്. ഇതിന് സുജൂദുത്തിലാവത്ത് എന്നാണ് പറയുന്നത്. നിസ്കാരത്തിലാണെങ്കിലും അല്ലെങ്കിലും ഓത്തിൻറെ സുജൂദ് സുന്നത്താണ്. ജമാഅത്ത് നിസ്കാരത്തിൽ ഇമാം സുജൂദ് ചെയ്തെങ്കിൽ മാത്രമേ മഅമൂം ചെയ്യാൻ പാടുള്ളൂ. സജതയുടെ ആയത്ത് ഓതിയാൽ ഒരു സുജൂദ് ചെയ്യണം. സുജൂദിൽ സാധാരണ ചൊല്ലുന്ന ദിക്ർ തന്നെയാണ് ചൊല്ലേണ്ടത്.

                     പതിനാലു സജദയുടെ ആയത്തുകളാണ് ഖുറാനിൽ ഉള്ളത്. മുസ്ഹഫിൽ  അത് ആയത്തുകളുടെ അടുത്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. അവ ഈ പറയുന്നവയാണ്.

1. സൂറത്തുൽ അഅറാഫിലെ 206  ആയത്ത്
2. സൂറത്തുൽ റഅദിലെ 15 ആയത്ത്
3. സൂരത്തുന്നഹ്ലിലെ 49 ആയത്ത്
4.  സുരത്തുൽ ഇസ്രാഈലിലെ 107 ആയത്ത്
5. സൂറത്തുൽ മറിയമിലേ 58 ആയത്ത്
6. സൂറത്തുൽ ഹജ്ജിലെ 18 ആയത്ത്
7. സൂറത്തിൽ ഹജ്ജിലെ 77 ആയത്ത്
8. സൂറത്തുൽ ഫുർഖാനിലെ 60 ആയത്ത്
9. സൂറത്തുന്നംലിലെ  25 ആയത്ത്
10. സൂറത്തു സജദയിലെ 15 ആയത്ത്
11. സൂറത്തു ഫുസ്സിലത്തിലെ 37 ആയത്ത്
12. സൂറത്തു  ന്നജ്മിലെ 62 ആയത്ത്
13. സൂറത്തുൽ ഇൻഷിഖാഖിലെ 21 ആയത്ത്
14. സൂറത്തുൽ അലഖിലെ 19 ആയത്ത്

                  സൂറത്ത് സ്വദിലെ 21 ആയത്ത് ഈ ഗണത്തിൽ പെട്ടതല്ല. അവിടെ ഒരു സുജൂദ് സുന്നത്തുണ്ട്. അത് ശുക്റിൻറെ സുജൂദാണ്. നിസ്കാരത്തിൽ ശുക്റിൻറെ  സുജൂദ് ഇല്ല.

                                സാധാരണ സുജൂദിൽ ചൊല്ലാറുള്ള ദിക്ർ ഓത്തിൻറെ സുജൂദിലും  ചൊല്ലാമെന്ന് പറഞ്ഞുവല്ലോ. ഓത്തിൻറെ ഈ പറയുന്ന ദിക്രും ചൊല്ലാം. അത് സുന്നത്താണ്.



                             അർത്ഥം: അപാരമായ തൻറെ കഴിവ് കൊണ്ട് സൃഷ്ടിക്കുകയും കണ്ണും കാതും പ്രദാനം ചെയ്യുകയും ചെയ്ത നാഥൻറെ മുമ്പിൽ ഞാനെൻറെ മുഖം കുനിക്കുന്നു.ഉത്തമ സൃഷ്ടികർത്താവായ അള്ളാഹു ഗുണ സമ്പൂർണനായിരിക്കുന്നു.

                                ഇമാം ഓത്തിൻറെ സുജൂദ് ചെയ്‌താൽ മഅമൂമും സുജൂദ് ചെയ്യൽ നിർബന്ധമാണ്. നിസ്കാരത്തിലാണെങ്കിൽ ഓത്തിൻറെ  സുജൂദ് ചെയ്യാൻ വേണ്ടി തക്ബീർ ചൊല്ലണം. നിസ്കാരത്തിലാല്ലാതെയാണ് സുജൂദ് ചെയ്തതെങ്കിൽ ആദ്യം തക്ബീറത്തുൽ ഇഹ്റാം (അല്ലാഹു അക്ബർ) എന്ന്  ചൊല്ലുകയും സുജൂദിനു ശേഷം ഇരുന്ന് സലാം വീട്ടുകയും വേണം. നിസ്കാരത്തിൻറെ ശർത്തുകളെല്ലാം ഈ സുജൂദിനും ബാധകമാണ്.

No comments: